ശബ്ദങ്ങൾക്കിടയിൽ
മരവിച്ച മൗനങ്ങളാരും കേൾക്കാറില്ല
ചിരിചെപ്പിനുള്ളിലെ
തളർന്ന തേങ്ങലുകളാരും തേടാറില്ല
വിടർന്ന മുഖങ്ങൾക്കിടയിൽ
അടർന്ന ദുഃഖങ്ങളാരും കാണാറില്ല
ഉണ്ടു നിറഞ്ഞ വയറുകൾ
വിശപ്പിന്റെ ദൈന്യമോർത്ത് കരയാറില്ല
ആർഭാടത്തിനിടയിലാരും
ദാരിദ്ര്യത്തിന്റെ ശൂന്യതയെ ശ്രദ്ധിക്കാറുമില്ല
തിരക്കു കൊണ്ടാവണം
കൂട്ടത്തിലൊരുവന്റെ
മരണമറിയുന്നതു പോലും
ശവമടക്കിനു ശേഷവും !
അങ്ങനെയങ്ങനെ
അറിയാതെ പോയതെല്ലാം
അറിവുകളായിരുന്നുവെന്നറിയുമ്പോഴേക്കും
ഭൂതത്തിന്റെ ശ്രാദ്ധമുണ്ടെത്തിയ
വർത്തമാനത്തിനും
കാലം
ചിതയൊരുക്കി കഴിഞ്ഞിരിക്കും....
No comments:
Post a Comment