E- Content

          തുള്ളൽ


പഠനനേട്ടങ്ങൾ

* തുള്ളൽ കലാരൂപത്തെക്കുറിച്ച് മനസിലാക്കുന്നതിന്

* കുഞ്ചൻ നമ്പ്യാരെ കുറിച്ചറിയുന്നതിന്

* തുള്ളൽ  കലാരൂപത്തിന്റെ രൂപീകരണത്തിനുനയിച്ച ഐതിഹ്യ കഥ  അറിയുന്നതിന്

* തുള്ളൽ വിഭാഗങ്ങൾ മനസിലാക്കുന്നതിന്



ആശയം


കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ജനകീയ കലാരൂപമാണ് തുള്ളൽ. പതിനെട്ടാം നൂറ്റാണ്ടിൽ കവി കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ പ്രസ്ത്ഥാനത്തിനു രൂപം നൽകിയത്. സാധാരണക്കാരന്റെ കഥകളി എന്നറിയപ്പെടുന്ന തുള്ളൽ കലാരൂപം, അതിന്റെ നർമ്മത്തിൽ പൊതിഞ്ഞ സാമൂഹിക വിശകലനവും, വിമർശനങ്ങളും കൊണ്ട് അമ്പലമുറ്റത്തും സാംസ്കാരിക വേദികളിലും ഒരേ പോലെ ശ്രദ്ധിക്കപ്പെട്ടു. 


വളരെ രസകരമായ ഒരു ചരിത്രമുണ്ട് തുള്ളൽ പ്രസ്ഥാനത്തിന്. നമ്പ്യാർ അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്ത്‌ ക്ഷേത്രത്തിൽ കൂത്തു പറഞ്ഞിരുന്ന ചാക്യാരെ തോൽപ്പിക്കാൻ ഒറ്റ രാത്രികൊണ്ട്‌ എഴുതി സംവിധാനം ചെയ്തതാണ് തുള്ളൽ എന്ന കലാരൂപമെന്ന് പറയപ്പെടുന്നു.

വരേണ്യ കലാരൂപങ്ങളായ കൂടിയാട്ടം, കൂത്ത്‌, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയിൽ നിന്നും, ഗ്രാമീണകലാരൂപങ്ങളായ  പടയണി, കോലം തുള്ളൽ മുതലായവയിൽ നിന്നും രസജനകങ്ങളായ പല അംശങ്ങളും സ്വീകരിച്ച്‌, ഒരു ജനകീയ കലാരൂപം സൃഷ്ടിക്കുകയാണ് നമ്പ്യാർ ചെയ്തത്. 


തുള്ളൽ മൂന്ന് വിധമുണ്ട് - ഓട്ടൻതുളളൽ, ശീതങ്കൻ തുളളൽ, പറയൻ തുളളൽ. 


ഓട്ടൻതുള്ളൽ 


'ഓട്ടന്‍' എന്ന വാക്കിന് ഓടിക്കുന്നവന്‍ എന്ന അര്‍ത്ഥമാണ്. വളരെ വിസ്തരിച്ചുള്ള വേഷവിധാനമാണ് ഓട്ടൻ തുള്ളലിലുള്ളത്. കറുത്ത ഉറുമാൽ കൊണ്ട് കൊണ്ട കെട്ടി, മനോഹരമായ വട്ടമുടി ശിരസ്സില്‍ വയ്ക്കും. മുഖത്തു പച്ച തേയ്ക്കുകയും, കണ്ണും പുരികവും വാലുനീട്ടി എഴുതുകയും, കണ്ണു ചുമക്കുന്നതിന് ചൂണ്ടപ്പൂവിടുകയും ചെയ്യും. കടകകങ്കണങ്ങളും നെഞ്ചുപലകയും പ്രത്യേകമുണ്ട്. കച്ചയും കെച്ചയും രണ്ടു കാലിലുമണിയും. 'അമ്പലപ്പുഴക്കോണകം' കൊണ്ടുള്ള ഉടയാടയാണ് ധരിക്കുന്നത്.


ശീതങ്കന്‍ തുള്ളല്‍


സാധാരണ ഉച്ച കഴിഞ്ഞാണ് ശീതങ്കന്‍ തുളളല്‍ നടത്തുന്നത്. എന്നാൽ, മുഖത്തു തേപ്പും മിനുക്കും ഉണ്ടാവില്ല. വെളുത്ത വസ്ത്രംകൊണ്ടു തലയില്‍ "കൊണ്ട' കെട്ടി  അതിൽ കറുത്ത ഉറുമാല് കെട്ടുകയും, കണ്ണെഴുതുകയും, വെളുത്ത പൊട്ടുതൊടുകയും ചെയ്യും. മാറിലും കുരുത്തോലകൊണ്ടുള്ള മാല ചാര്‍ത്തുന്നു. പാമ്പിന്‍റെ ആകൃതിയിലാണ് ഈ മാല കൊരുക്കുന്നത്. ചിലമ്പും കെച്ചയും രണ്ടു കാലിലും കെട്ടുന്നു. കടകം കുരുത്തോലകൊണ്ടാണുണ്ടാക്കുന്നത്.


പറയന്‍തുള്ളല്‍


പറയൻതുള്ളൽ വേഷത്തിന് സര്‍പ്പത്തിമുടി പ്രത്യേകമുണ്ട്. ചെമന്ന പട്ടും തൊങ്ങലും ചാര്‍ത്തുന്നു. ചിലമ്പ് ഒറ്റക്കാലില്‍ മാത്രമേ പാടുള്ളൂ. അതു വലത്തെക്കാലിലായിരിക്കും. കെച്ചമണിയും അതേ കാലില്‍ മാത്രമാണ് കെട്ടുന്നത്. കഴുത്തില്‍ മാല ചാര്‍ത്തുകയും, ചന്ദനം പൂശുകയും ചെയ്യും, എന്നാൽ മുഖത്തു തേപ്പും മിനുക്കുമില്ല, കണ്ണെഴുതുക മാത്രമേ ചെയ്യൂ. കാലത്താണ് പറയന്‍തുള്ളല്‍ നടത്തുന്നത്. ഒറ്റക്കാലിലേ നൃത്തമുളളൂ. അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും.


മൂന്ന് തുള്ളലിലും ചടങ്ങുകൾ ഏതാണ്ടൊരുപോലെയാണ്. ഒരു ചെറിയ മദ്ദളവും കൈമണിയുമാണ് മേളം. മറ്റു കേരളീയ നടനകലകള്‍ക്കെന്നപോലെ, തുള്ളലിന് പ്രത്യേക അരങ്ങു വേണമെന്നില്ല. പായോ, പനമ്പോ താഴെ വിരിച്ച് അതിന്മേലാണ് സാധാരണ തുള്ളുക പതിവ്. മേളക്കാര്‍ നടന്‍റെ പിന്നില്‍ നില്‍ക്കുന്നു. ഇവരാണ് നടന്‍ പാടിക്കൊടുക്കുന്നത് ഏറ്റു പാടേണ്ടത്. നടന്‍ പാടുകയും ആടുകയും ചെയ്യണം.

കഥകളിയിലെപ്പോലെ വിസ്തരിച്ചു കൈമുദ്ര കാണിക്കുന്ന പതിവ് തുള്ളലില്ല. പാട്ടിലെ പ്രധാനപ്പെട്ട ചില പദങ്ങള്‍ മാത്രമേ ആംഗ്യം കൊണ്ട് അഭിനയിക്കേണ്ടതുള്ളൂ. മേളക്കാര്‍ ഏറ്റുപാടുമ്പോള്‍ ഏതെങ്കിലും മുദ്ര പിടിച്ചുകൊണ്ട് നടന്‍ താളത്തിനൊപ്പിച്ചു നൃത്തം ചെയ്യണം. കഥകളിയുടേതിന് സാമ്യമുളള ഉടുത്തുകെട്ടാണ് തുളളലിനും ഉപയോ​ഗിക്കുന്നത്. 


ഒരു ജാതിനാമമാണ് പറയൻ. ശീതങ്കൻ ഐശ്വരായാർത്ഥത്തിലുള്ളതും പുലയജാതിക്കാർ ഉപയോഗിച്ചിരുന്നതുമായ ഒരു പേരാണ്‌. ഇവ തമ്മിൽ വേഷക്രമത്തിലും ഗതിയിലും വ്യത്യാസമുണ്ട്‌. ഓട്ടനിൽ തരംഗിണീവൃത്തത്തിനും, പറയനിൽ മല്ലികക്കും, സീതങ്കനിൽ കാകളിക്കും പ്രാധാന്യമുണ്ട്‌. ഓട്ടനിലെ ഗതി താരതമ്യേന കൂടുതൽ ചടുലമാണ്‌. ഓട്ടൻതുള്ളലിലെ വേഷക്രമം കഥകളിയുടെതിനോട്‌` വളരെ സാമ്യമുണ്ട്.






ചോദ്യങ്ങൾ

1. തുള്ളലിന്റെ ഉപജ്ഞാതാവ് ആര്?
2.കുഞ്ചൻ നമ്പ്യാർ ഏതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് ?
3. തുള്ളലിന് എത്ര വിഭാഗങ്ങളുണ്ട്?
4. തുള്ളലിന്റെ വിഭാഗങ്ങൾ ഏതൊക്കെയാണ്



No comments:

Post a Comment

മുറിവുണക്കി

 വാക്കുതട്ടി മുറിപ്പെടുമ്പോഴെല്ലാം  കയ്പ്പുള്ളൊരുകവിതയതിൽ  പിഴിഞ്ഞൊഴിക്കുക  മുറിഞ്ഞു മുറിഞ്ഞങ്ങനെ  വേദനകളറ്റുപോകുന്നതറിയാം  പിന്നെ പിടച്ചിലൊ...